തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരെ സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം.

‘മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടികാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വെക്കുന്നു.

‘ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്’, ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

