പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ചികിത്സ തേടിയവരിൽ കൂടുതലും സ്ത്രീകളാണെന്നുമാണ് വിവരം.

നിരവധി സ്ത്രീകൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിർദ്ദേശം നൽകി. പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നതെന്നും ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

