ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ വട്ടിയാറിലാണ് വീടിനു മുകളിലേക്ക് പാറക്കല്ലുകള്‍ പതിച്ച് അപകടം. പാറക്കല്ല് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. രാത്രിയിൽ ഉണ്ടായ സംഭവത്തിൽ നിന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വീടിന് മുകള്‍ ഭാഗത്തെ ഏലത്തോട്ടത്തില്‍ നിന്നും വലിയ പാറക്കല്ല് ഉരുണ്ട് പാറേക്കാട്ടില്‍ അജീഷിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അജീഷും ഭാര്യയും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തില്‍ അനീഷിന്റെ മൂത്ത മകള്‍ അഞ്ജലിക്കാണ് പരിക്കേറ്റത്.

വലിയ പാറ ഉരുണ്ടു വന്ന് പതിച്ചതിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായി തകര്‍ന്നു. കല്ല് വന്ന് പതിച്ച മുറിയിലിരുന്ന് പഠിക്കുകയായിരുന്നു അഞ്ജലി. വീടിന്റെ ഇഷ്ടികയും മറ്റും കുട്ടിയുടെ ശരീരത്ത് പതിച്ചാണ് പരിക്ക് സംഭവിച്ചത്. ഉടന്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. അജീഷും ഭാര്യയും മറ്റ് കുട്ടികളും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു.

