കോട്ടയം: കല്യാണ സദ്യക്കിടെ പപ്പടം രണ്ടാമത് നൽകാത്തതിനെ തുടർന്ന് കൂട്ടത്തല്ലുണ്ടായി. കോട്ടയത്തെ നാട്ടകത്തുവച്ച് നടന്ന കല്യാണത്തിന്റെ സദ്യക്കിടെ ആയിരുന്നു സംഭവം. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ ഇടമായി മാറിയത്.

നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ മടങ്ങിക്കഴിഞ്ഞാണ് മദ്യപസംഘം സംഘർഷമുണ്ടാക്കിയത്.

മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

