ദില്ലി: ദില്ലിയിലെ ബുരാരിയില്‍ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14 ഉം ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയടക്കം 10 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ സർവീസസ് മേധാവി അതുല്‍ ഗാർഗ് പറഞ്ഞു. പഴയ ഫ്ലാറ്റ് സമുച്ചയമാണ് തകർന്നതെന്നാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും പ്രദേശാവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടക്കുകയാണ്


