കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് ശക്തമാക്കി വനിത കൗൺസിലർ കല രാജു.
സിപിഎമ്മിൽ വിശ്വാസമില്ലെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ഇന്ന് കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു.
സിപിഎം ജില്ലാ നേതൃത്വത്തെ പൂർണമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ. തന്നെ വസ്ത്രാക്ഷേപം നടത്തി ദേഹോപദ്രവം ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന മൊഴി തന്നെയാണ് മജിസ്ട്രേറ്റിനും നൽകിയിരിക്കുന്നത് എന്ന് അവർ ആവർത്തിച്ചു. കൂടാതെ യുഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആ രീതിയിൽ സിപിഎം പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.