തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർട്ട് താൻ കണ്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.
സിഎജി റിപ്പോർട്ട് എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ലോകായുക്തക്ക് മുന്നിൽ പരാതി നൽകിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കിറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവന്‍ കിറ്റും ആ സമയത്ത് ലഭിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. മുൻനിര പോരാളികളെ സംരക്ഷിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയില്ലേ.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ തുകയും നൽകിയത്. സിഎജിക്ക് വ്യക്തത ലഭിച്ചില്ലെങ്കിൽ സർക്കാർ വ്യക്തത നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.