ഹുബ്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദപരാമർശവുമായി ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ. ബിജാപുർ എംഎൽഎയാണ് ബസനഗൗഡ പാട്ടീൽ യത്നാൽ. നെഹ്റുവിന് ഗാന്ധിവധത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വെടിയുണ്ടകളേറ്റാണ് ഗാന്ധി മരിച്ചത്. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് ഗോഡ്സേയുടെ തോക്കിൽ നിന്ന് വന്നത്. ബാക്കി രണ്ടെണ്ണം വന്നത് എവിടെ നിന്നാണ് എന്നത് ദുരൂഹമാണ്. അതിനാൽ ഗാന്ധിവധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഏകാധിപതിയാകാൻ ആഗ്രഹിച്ചതുകൊണ്ടാകാം നെഹ്റു കൊലപാതകം ആസൂത്രണംചെയ്തത്. ഗോഡ്സേയുടെ വെടിയേറ്റല്ല ഗാന്ധി അന്ത്യശ്വാസം വലിച്ചത്. അന്ന് കോടതിയിലും ബാക്കിയുള്ള രണ്ട് വെടിയുണ്ടകൾ ആരാണ് ഉതിർത്തതെന്ന ചോദ്യം ഉയർന്നിരുന്നു. ഗോഡ്സെ ഒരു വെടിയുണ്ട ഉതിർത്തു. ബാക്കി രണ്ടെണ്ണം മറ്റുള്ളവരും. നെഹ്റുവാണ് ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നാണ് ഇതിനർഥമെന്നും എംഎൽഎ ആരോപിച്ചു.