കോട്ടയം : ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്‌ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്.
എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. അതിഥിത്തൊഴിലാളികളെക്കുറിച്ച് പെൺമക്കളുടെ മാതാപിതാക്കൾ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയൻ പറയുന്നു.
എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.