ഒരു വർഷത്തിലധികമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ.
ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന വെടിനിർത്തൽ ഗാസയുടെ ചരിത്രത്തിലെ എക്കാലത്തെയും മാരകമായ യുദ്ധത്തിനാണ് അന്ത്യം കുറിക്കുന്നത്.
ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീൻ തടവുകാരെയും കരാർ നിലവിൽ വരുന്നതോടെ വിട്ടയക്കും. കൂടാതെ, ഞായറാഴ്ച മുതൽ മോചിപ്പിക്കേണ്ട 95 ഫലസ്തീനികളുടെ പട്ടികയും ഇസ്രയേൽ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതിൽ 69 സ്ത്രീകളും 16 പുരുഷന്മാരും 10 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്.