കേരള ഗവര്‍ണറായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയ നയപ്രഖ്യാപനം അതുപോലെ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ ഒഴിവാക്കിയില്ല.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത്. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. ധനസമാഹരണത്തിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോഴും കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്നുമാണ് വിമര്‍ശനം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കാണു മുന്‍ഗണനയെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.