ഇന്ത്യൻ പിസ്റ്റൾ ഷൂട്ടർ താരം മനു ഭാക്കറിൻ്റെ രണ്ട് ഒളിമ്പിക്‌സ് മെഡലുകൾക്കും കേടുപാട്. മനു ഭാക്കറിന് മുൻപ് നിരവധി താരങ്ങള്‍ തങ്ങളുടെ ഒളിമ്പിക്‌സ് മെഡലിന് കേടുപാടുകൾ സംഭവിച്ചതായി വെളിപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങൾ അടുത്തിടെ തങ്ങളുടെ നിറം മങ്ങിയ മെഡലുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മങ്ങിയ മെഡലുകൾക്ക് പകരം നിലവാരമുള്ള മെഡലുകള്‍ നൽകണമെന്നാണ് കായിക താരങ്ങളുടെ ആവശ്യം.
ഇതോടെ ഒളിമ്പിക്‌സ് മെഡലുകളുടെ ഗുണനിലവാരത്തില്‍ ചോദ്യമുയർന്നിട്ടുണ്ട്. അതേസമയം പരാതി ഉന്നയിച്ചതോടെ മനു ഭാക്കറിന് പാരീസ് ഒളിമ്പിക്സിൽ ലഭിച്ച രണ്ട് വെങ്കല മെഡലുകൾ പകരം സമാനമായ മോഡലുകൾ നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യം അന്തരാഷ്‌ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ അവരെ അറിയിച്ചതായാണ് വിവരം.
ഫ്രാൻസിനായി നാണയങ്ങളും മറ്റ് കറൻസികളും അച്ചടിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മൊണൈ ഡി പാരീസ് എന്ന കമ്പനിയാണ് പാരീസ് ഒളിമ്പിക്‌സിനുള്ള മെഡലുകൾ തയ്യാറാക്കിയത്. പരാതി ഉയർന്ന മെഡലുകൾ ഇവർ മാറ്റിനൽകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു.