പത്തനംതിട്ട: അഞ്ചു വര്‍ഷത്തിനിടെ അറുപതോളം പേര് പീഡിപ്പിച്ചെന്ന ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ നാലു പ്രതികളാണുള്ളത്.
ഇതുവരെ 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. പത്തനംതിട്ടയ്ക്കും ഇലവുംതിട്ടയ്ക്കും പുറമേ മറ്റ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മലയാലപ്പുഴ സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറുകളുടെ എണ്ണം 29 ആയി.
പ്രതികളില്‍ ചിലര്‍ വിദേശത്താണെന്ന് പൊലീസ് കണ്ടെത്തി. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുട്ടിയുടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് എഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കും.