മുംബൈ: പൂനെയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി. 28കാരിയായ ശുഭദയാണ് മരിച്ചത്. സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 30കാരനായ സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സത്യനാരായണ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് പിടയുമ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല. യുവാവ് കത്തിതാഴെയെറിഞ്ഞ ശേഷമാണ് കാഴ്ചക്കാരായി നിന്നവര്‍ അയാളെ പിടികൂടിയത്.
രക്തംവാര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.