രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF) കണക്കുകള്‍. 2023 ല്‍ നടന്നതിനേക്കാള്‍ 100 അക്രമസംഭവങ്ങള്‍ കൂടി 2024ല്‍ സംഭവിച്ചെന്നാണ് യുസിഎഫ് പുറത്തുവിട്ട പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള 834 അതിക്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി എന്നാണ് യുസി എഫിന്റെ ഹെല്‍പ്പ് ലൈനില്‍ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ ഹിന്ദുത്വ ശക്തികള്‍ ക്രൈസ്തവ വേട്ട തുടരുകയാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിച്ച് കളയുന്നതും പതിവ് സംഭവമായി മാറുകയാണ്. മതപരിവര്‍ത്തനം ആരോപിച്ച് കേസില്‍ കുടുക്കുകയും ചെയ്യുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവാണ്. കുറ്റവാളികള്‍ക്കെതിരെ പരാതിപ്പെട്ടാലും പോലീസ് നടപടി എടുക്കാറില്ല.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.