ലഖ്നൗ: ഉത്തർപ്രദേശിൽ ഭക്ഷണം വിളമ്പാൻ വൈകിയതിന് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. ചന്ദൗലിയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞതിന് പിന്നാലെ അന്നേ ദിവസം തന്നെ ഇയാൾ ബന്ധുവായ യുവതിയെ വിവാഹം ചെയ്തതായാണ് റിപ്പോർട്ട്.
താലി കെട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഭക്ഷണം വൈകിയെന്ന് ചൂണ്ടിക്കാട്ടി വരൻ മെഹ്താബ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിന് പിന്നാലെ വധുവും കുടുംബവും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചടങ്ങ് നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കുടുംബം വരന് 1.5 ലക്ഷം രൂപ കൈമാറിയിരുന്നു. ഈ പണം ലഭിച്ചതിന് പിന്നാലെയാണ് മെഹ്താബ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ഏഴ് മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. ഡിസംബർ 22ന് വിവാഹ സംഘം ഹമീദ്പൂരിലെ തന്റെ വീട്ടിലെത്തിയെന്നും ഏറെ ആദരവോടെയാണ് തന്റെ കുടുംബം അവരെ സ്വീകരിച്ചതെന്നും വധു മാധ്യമങ്ങളോട് പറഞ്ഞു.”രാവിലെ മുതൽ ഞാൻ വിവാഹത്തിനായി ഒരുങ്ങി കാത്തിരിക്കുകയാണ്. വരനും ബന്ധുക്കളും വന്നു. കഴിച്ചു. പിന്നെ എന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയി”, യുവതി പറഞ്ഞു.