കണ്ണൂരിൽ റെയിൽവേട്രാക്ക് കിടക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ അന്വേഷണം നടത്തിയ ആർപിഎഫ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
കഴിഞ്ഞ 23 ന് പന്നിയൻപാറ റെയിൽവേ ട്രാക്കിലൂടെ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പാളത്തിലൂടെ നടക്കുമ്പോഴാണ് പവിത്രൻ തന്റെ മുന്നിലേക്ക് ട്രെയിൻ വരുന്നത് കണ്ടത്. ഉടൻ തന്നെ പാളത്തിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നുപോകുന്ന പവിത്രന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
പവിത്രൻ സ്കൂൾ ബസിലെ കിളിയായി ജോലി ചെയ്യുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വലിയ തോതിൽ ചർച്ചയായതോടെ ആർപിഎഫ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റെയിൽവേ കോടതിയുടെ നടപടി.