പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നടന്നത് ആശങ്ക ഉണ്ടാക്കുന്ന വിഷയമാണെന്നും ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരക്കൽ.
ക്രിസ്മസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലായെന്നും ആരെയും വെറുപ്പിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നത് ആയ വിശ്വാസങ്ങൾ ക്രൈസ്തവർക്കിടയിൽ ഇല്ലായെന്നും കൊച്ചു പുരക്കൽ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ആരൊക്കെ ഇതിന് ഒത്താശ ചെയ്യുന്നതെന്ന് അറിയണമെന്നും അദ്ദേഹം ചോദിച്ചു.
ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങൾക്കെതിരെയുള്ള നീക്കങ്ങളും, അതിൻ്റെ ഏറ്റവും പുതിയ മുഖങ്ങളുമാണ് പാലക്കാട് കാണുന്നത്. തത്തമംഗലത്ത് നടന്നതും കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.ആരെങ്കിലും ഒത്താശ ചെയ്തു കൊടുത്തതിൻ്റെ ഫലമാണോ ഇതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ അതിൻ്റെ അർത്ഥം അവരും ഒത്താശ ചെയ്തു കൊടുത്തു എന്നാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായാണ് മാർ പീറ്റർ കൊച്ചു പുരക്കൽ രംഗത്തെത്തിയത്