പാലാ :പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ് ഹൗസിൻ്റെ പാർക്കിങ് ഏരിയയെല്ലാം നിറഞ്ഞു കവിഞ്ഞു.അരമനയിൽ എത്തിയ എല്ലാ ഓട്ടോക്കാരെയും പിതാവ് ഹ്രസ്വ വാക്കുകളിൽ അഭിസംബോധന ചെയ്തു.
പാലായുടെ സംസ്ക്കാരം നിങ്ങളിലൂടെയാണ് മറ്റുള്ളവർ അറിയുന്നത്.പാലായുടെ സംസ്ക്കാര വാഹകരാണ് ഓട്ടോക്കാർ.ഞാനും ഓട്ടോയിൽ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്.അത് ഇവിടെയാരും അറിഞ്ഞിട്ടില്ല.പക്ഷെ പലരും എന്നെ തിരിച്ചറിയുകയും അവരുടെ സ്നേഹവും അംഗീകാരവും ലഭിക്കുകയും ചെയ്തു.നിങ്ങളിൽ പലരും അറിവുള്ളവരാണ്.ഒരു എൻസൈക്ളോ പീഡിയ തന്നെയാണ് പല ഓട്ടോക്കാരും.നമ്മളിൽ പലരും സാധാരണക്കാരാണ്.അതിനാൽ തന്നെ ഓട്ടോയിൽ യാത്ര ചെയ്യേണ്ടതായി വരും.
അപ്പോഴൊക്കെ സുരക്ഷിതമായി ഉദ്ദേശിക്കുന്ന സ്ഥാനത്ത് യാത്രികരെ കൊണ്ടുവിടുവാൻ ഈ ഓട്ടോക്കാർക്കു കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് തൊഴിലാളികളെ ഇവിടെ വച്ച് കാണുവാൻ തീരുമാനിച്ചിട്ടുള്ളതും. തുടർന്ന് ഓട്ടോ തൊഴിലാളികളായ രാജശേഖരനും ;ബേബി ജോസഫ് നെല്ലിക്കലും ;ജോൺ തോമസ് മടുക്കാങ്കലും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.എല്ലാ തൊഴിലാളികൾക്കും ക്രിസ്മസ് കേക്കും നൽകി കൂടെയൊരു കവറും.കവറിനകത്ത് ഈശോ പടമാണെന്നു കരുതിയവർ അമ്പരന്നു.1500 രൂപായായിരുന്നു കവറിനകത്ത്.
പാലാ അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുന്നാൾ ദിവസം ബ്ലൂമൂൺ സ്റ്റാൻഡിലുള്ള കെ ടി യു സി (എം) ഓട്ടോ തൊഴിലാളികൾ ചേർന്ന് അര ലക്ഷം രൂപാ മുടക്കി ശിങ്കാരിമേളം കൊണ്ട് വന്നിരുന്നു.അതിന്റെ അനുമതിക്കായി ജോസുകുട്ടി പൂവേലിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ അരമനയിൽ ചെന്നപ്പോൾ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അവിടെ വച്ച് തന്നെ തൊഴിലാളികളെ നേരിൽ കാണുന്ന കാര്യം ജോസുകുട്ടി പൂവേലിയോടു സൂചിപ്പിച്ചിരുന്നു.ഇന്ന് രാവിലെ മുതൽ എല്ലാ ഓട്ടോ സ്റ്റാൻഡിലും നേരിട്ട് പോയി ജോസുകുട്ടി പൂവിളി വിളിച്ചപ്പോൾ ജാതിമത ഭേദമെന്യേ എല്ലാവരും പിതാവിന്റെ വിളി സ്വീകരിച്ച് അരമനയിൽ എത്തിച്ചേരുകയായിരുന്നു .
ചടങ്ങിൽ ജോസുകുട്ടി പൂവേലി;കൗൺസിലർ വി സി പ്രിൻസ് ;ടോബിൻ കെ അലക്‌സ് ;ബാബു കെ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു .