പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി.
മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുൽ ഇസ്ലാം നൽകിയ ഹർജി പരിഗണിച്ച ഘട്ടത്തിൽ ആണ് മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും സ്വഭാവ സർട്ടിഫിക്കറ്റും സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.