പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി തടഞ്ഞത് അപലപനീയമാണ്. സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നല്ലേപ്പിള്ളിയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. സ്കൂളുകളിൽ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾ നടത്തുന്നതിനെ സ്വാഗതം ചെയ്തു. വിദ്യാലയങ്ങളിൽ നബി ദിനവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്നതിനോടും എതിർപ്പില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
നല്ലേപ്പിള്ളി സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടപടിയെടുക്കട്ടെയെന്ന് ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. ബിജെപി പ്രവർത്തകർ ആരും ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല. നല്ലേപ്പിള്ളിയിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ക്രിസ്മസ് ആഘോഷം തടഞ്ഞത് ബിജെപി പ്രവർത്തകരാണ് എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഇന്ന് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ന് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ്. അതാണ് ബിജെപിയുടെ നിലപാട്. പ്രധാനമന്ത്രി ചെയ്യുന്നതാണ് ശരിയെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും യഥാർത്ഥ ബിജെപി എന്താണെന്ന് നല്ലേപ്പള്ളിയിലെ സംഭവം കാണിച്ചുതരുന്നുവെന്നുമാണ് സന്ദീപിൻ്റെ കുറ്റപ്പെടുത്തൽ. തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയ ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുകളാണ് റിമാൻഡിലായതെന്നും സന്ദീപ് പറഞ്ഞിരുന്നു.