മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ഗ്രാമത്തിലാണ് സംഭവം.
സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഗ്രാമവാസികൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ അടുത്ത ദിവസം രാവിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.