തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം തമിഴ്നാട്ടില്‍ നിന്നു സംസ്ഥാനത്തേക്കുള്ള റേഷനരി കടത്ത് വീണ്ടും സജീവമായി. പാലക്കാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തമിഴ്നാട് അതിർത്തി കടന്നാണ് റേഷനറി കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിലെ റേഷൻ കടകളില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന അരി അവിടത്തെ ഇടനിലക്കാർ വഴി ശേഖരിക്കും. ഇവിടത്തെ ഇടനിലക്കാർ വാങ്ങും.
രണ്ടു രീതിയിലാണ് അരി പൊതുവിപണിയില്‍ എത്തുന്നത്. റേഷനരി തമിഴ്നാട്ടിലെ താവളങ്ങളിലെത്തിച്ചു പോളിഷ് ചെയ്ത് അതിർത്തികടത്തി വിടുന്നതാണ് ആദ്യരീതി. റേഷനരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്ത് വേറെ ചാക്കുകളിലാക്കുന്നതാണ് രണ്ടാമത്തെ രീതി. പൊള്ളാച്ചിയിലെ മില്ലുകള്‍ കേന്ദ്രീകരിച്ച് റേഷൻഅരിപൊടിച്ച് കവറിലാക്കി അരിപ്പൊടിയായും എത്തിക്കുന്നുണ്ട്.
തമിഴ്നാട് കടന്നുവരുന്ന റേഷനരി പിടികൂടാൻ ഓണക്കാലത്ത് തമിഴ്നാട്, കേരള പൊലീസ് സംഘം സംയുക്തമായി അതിർത്തികളില്‍ പരിശോധന നടത്തിയിരുന്നു. ടണ്‍ കണക്കിനരിയാണ് വാളയാർ, ആര്യങ്കാവ് ചെക്കു പോസ്റ്റുകള്‍ക്കു സമീപം പിടിച്ചിരുന്നത്.
സംയുക്ത പരിശോധന നിലച്ചതോടെയാണ് അരികടത്ത് സംഘങ്ങള്‍ വീണ്ടും ‘പണി”തുടങ്ങിയത്