പത്തനംതിട്ട കോന്നിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിനിയായ 20കാരിയാണ് ജീപ്പിൽ പ്രസവിച്ചത്.
ദുർഘടമായ അച്ചൻകോവിൽ കല്ലേലി തട്ടിലുള്ള യാത്രയ്ക്കിടെ വനമധ്യത്തിൽ മണ്ണാപ്പാറ എന്ന സ്ഥലത്ത് വെച്ച് യുവതി പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിൽ കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നേഴ്സ് സജിത, എംബിബിഎസ് വിദ്യാർഥിനിയായ മകളെയും കൂട്ടി സ്ഥലത്തെത്തുകയും പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഗതാഗത യോഗ്യമല്ലാത്ത ദുർഘടമായ അച്ചൻകോവിൽ കല്ലേലി റോഡിലൂടെയുള്ള യാത്രയാണ് ആശുപത്രിയിലെത്തും മുൻപ് യുവതി പ്രസവിക്കാനിടയാക്കിയത്.