Kerala

എൻഎസ്എസിൻ്റെയും എസ്എൻഡിപിയുടെയും വിമർശനത്തോടെ ദുർബലനായി വി ഡി സതീശൻ

എസ്‌എൻഡിപിയുടെയും എൻഎസ്‌എസിൻ്റെയും അപ്രീതി നേടിയ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‌ പരസ്യ പിന്തുണ നൽകാൻ മടിച്ച്‌ ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി കടന്നാക്രമിച്ചിട്ടും എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരും തയാറായില്ല.

ധാർഷ്ട്യവും പരിഹാസഭാവവും സാമുദായിക വിഭാഗങ്ങളെ കോൺഗ്രസിൽ നിന്നകറ്റിയെന്ന ചിന്തയാണ്‌ ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കൾക്കുള്ളത്‌. ഇതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ വാക്കുകളും സതീശനൊപ്പം തങ്ങളില്ലെന്ന സൂചന നൽകുന്നു

വെള്ളാപ്പള്ളിയോടുള്ള നീരസവും പരിഹാസവും വാക്കുകളിൽ ഒളിപ്പിച്ചായിരുന്നു സതീശൻ്റെ ആദ്യ പ്രതികരണം. ഇതോടെ വെള്ളാപ്പള്ളി സതീശനെ വീണ്ടും കടന്നാക്രമിച്ചു. സതീശൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ 2026ൽ യുഡിഎഫ്‌ അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. രൂക്ഷമായ ആക്രമണം സതീശനെതിരെയുണ്ടായിട്ടും വെള്ളാപ്പള്ളിക്കെതിരെ ഒരു വാക്ക് പോലും കോൺഗ്രസ് നേതാക്കൾ മിണ്ടിയിട്ടില്ല. സതീശനെതിരെ പറഞ്ഞത്‌ മോശമായെന്ന്‌ പറഞ്ഞ കെ. സുധാകരൻ പോലും വെള്ളാപ്പള്ളിക്കെതിരെ ആക്രമണത്തിന്‌ തുനിഞ്ഞില്ല.

കെ സി വേണുഗോപാലിൻ്റെ പിന്തുണയിലാണ്‌ വി.ഡി. സതീശൻ ചെന്നിത്തലയെ താഴെയിറക്കിയത്‌. നേതൃ സ്ഥാനത്തെത്തിയതോടെ സതീശൻ ആരെയും വകവെക്കാതെയുള്ള പ്രവർത്തന രീതിയിലേക്ക്‌ നീങ്ങിയെന്ന വിലയിരുത്തലാണ്‌ വേണുഗോപാലുമായി അടുത്ത കേന്ദ്രങ്ങൾ നിലവിൽ പങ്കുവെക്കുന്നത്‌. സതീശനെതിരായ അനിഷ്ടമാണ്‌ വേണുഗോപാലിൻ്റെ വാക്കുകളിലൂടെ പുറത്തുവന്നത്‌. ഒരുവിഭാഗം യുവനേതാക്കളെ ചേർത്തു നിർത്തിയും മറ്റുള്ളവരെ തള്ളിയും സംഘടന പിടിച്ചെടുക്കാനുള്ള സതീശൻ്റെ നീക്കങ്ങളിൽ ഹൈക്കമാൻഡിലും അതൃപ്തി നിലനിൽക്കുകയാണ്‌.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top