ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് ആണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. മലയാളിയായ ഇടക്കാല പരിശീലകനു കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.
ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് കോച്ച് മൈക്കല്‍ സ്റ്റാറേയെ പുറത്താക്കിയശേഷം നടക്കുന്ന ആദ്യ മത്സരമാണിത്. സന്തോഷ് ട്രോഫി മുന്‍ താരം കൂടിയായ മലയാളി ടി ജി പുരുഷോത്തമനാണ് ടീമിന്റെ ഇടക്കാല പരിശീലകന്‍. ടീം വര്‍ക്കാണ് പ്രധാനമെന്നും, ടീം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പൊരുതുമെന്നും കോച്ച് പുരുഷോത്തമന്‍ പറഞ്ഞു.
ഈ സീസണില്‍ കളിച്ച 12 മത്സരങ്ങളില്‍ ഏഴിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഒടുവില്‍ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. ആകെ 11 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. കെട്ടുറപ്പില്ലാത്ത പ്രതിരോധമാണ് ടീമിന്റെ പ്രധാന തലവേദന. തുടര്‍തോല്‍വികളെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരായ മഞ്ഞപ്പടയും കടുത്ത രോഷത്തിലാണ്.