Kerala

കട്ടപ്പനയിൽ നിക്ഷേപകന്റെ പണം തിരിച്ച് നൽകാത്തതിനെ തുടർന്നുള്ള ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

 

കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത രാഷ്ടീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിനാണ് ഇതിന്റെ ഉത്തരവാദിത്തം. പണം തട്ടിക്കാനുള്ള കറവപ്പശുവായിട്ടാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സഹകരണ മേഖലയെ കാണുന്നത്. സഹകരണ മേഖലയില്‍ കര്‍ശന നിയമങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ തുടങ്ങുമ്പോഴൊക്കെ അതിനെതിരെ സി.പി.എമ്മും അവരുടെ നേതൃത്വത്തിലുള്ള സംസഥാന സര്‍ക്കാരും ബഹളവുമായി രംഗത്തുവരുന്നത് ഈ തട്ടിപ്പുകള്‍ നിര്‍ബാധം നടക്കാനും ഇതൊന്നും പുറത്തുവരാതിരിക്കാനുമാണ്.

ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. അദ്ദേഹത്തിന്റെ നിക്ഷേപത്തുക പലിശയുള്‍പ്പെടെതിരിച്ചുനല്‍കണം. സാബുവിന്റെ മരണത്തിന് സഹകരണ സംഘം ഭാരവാഹികള്‍ കൂടാതെ ഇത്തരം തട്ടിപ്പുകള്‍ക്ക വഴിയൊരുക്കുന്ന സഹകരണ വകുപ്പും ഉത്തരവാദിയാണ്. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സഹകരണ തട്ടിപ്പുകള്‍ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഒത്താശയോടെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. സഹകരണ തട്ടിപ്പുകള്‍ക്കെതിരെ ബി.ജെ.പി ശക്തമായി ക്യാമ്പയിന്‍് നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top