എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം.
പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളിലായി 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ചതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്.പെരുമ്പാവൂർ നഗരസഭ ചെയർമാനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ പോൾ പാത്തിക്കൽ,ബ്ലോക്ക് സെക്രട്ടറി ഷാജി കുന്നത്താൻ എന്നിവർ കഴിഞ്ഞ ദിവസം പാർട്ടിസ്ഥാനങ്ങൾ രാജി വെച്ചിരുന്നു.ഇതിനു പിന്നാലെയാണ് പെരുമ്പാവൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം സമാന്തരയോഗം വിളിച്ചു ചേർത്തത്.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡണ്ട് അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.