എറണാകുളം കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ യുവാവ് എൽദോസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംസ്കാരം ഇന്ന് നടക്കും. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകും. കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
കുട്ടമ്പുഴ ക്ണാശ്ശേരിയിൽ എൽദോസിനെ കാട്ടാനയാക്രമിച്ച് കൊലപ്പെടുത്തിയതിൽ ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം കളക്ടറുടെ ഉറപ്പിലാണ് നാട്ടുകാർ അയഞ്ഞത്. കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ അടിയന്തര സഹായം കൈമാറി, പ്രതിഷേധക്കാർ ഉന്നയിച്ച ആറ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതോടെയാണ് രാത്രി വൈകിയുള്ള പ്രതിഷേധം അവസാനിച്ചത്. എന്നാൽ, കുട്ടമ്പുഴയിൽ ഇന്ന് ഹർത്താൽ ആചരിച്ച് ജനങ്ങളുടെ പ്രതിഷേധം തുടരും.