ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ പ്രതീകമായ ചിത്രം നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന് പകരം ഹിന്ദുപുരാണ രൂപങ്ങളടങ്ങിയ ഛായാചിത്രം സ്ഥാപിച്ചു. ദേശസ്നേഹം വിളമ്പുന്ന ബിജെപി ഇന്ത്യൻ സൈന്യത്തിൽ പോലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന വിമർശനo ശക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾ ഓർമിക്കുന്ന ചിത്രമാണ് 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന് ശേഷം ധാക്കയിൽ വെച്ചുള്ള പാകിസ്ഥാൻ സൈനികരുടെ കീഴടങ്ങൽ.
വിജയ ചരിത്രത്തിലെ സുപ്രധാന ചരിത്രനിമിഷത്തെ ഓർമിപ്പിക്കുന്ന ചിത്രമാണ് കരസേന മേധാവിയുടെ ഓഫീസിൽ നിന്നും നീക്കം ചെയ്തത്. പകരം സ്ഥാപിച്ച ഛായാചിത്രത്തിൽ പുരാണ രൂപങ്ങളും ലഡാക്ക് പാങ്കോങ് തടാകവും, ആധുനിക യുദ്ധശേഷി തെളിയിക്കുന്ന ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ചിത്രത്തിൽ കാണാം.
ഇന്ത്യ സന്ദർശിച്ച നേപ്പാൾ ആർമി ചീഫ് ജനറൽ അശോക് രാജ് സിഗ്‌ഡലിനെ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അഭിവാദ്യം ചെയ്യുന്ന ചിത്രം അടങ്ങുന്ന പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി പുറത്തിറക്കിയിരുന്നു. ഈ ചിത്രമാണ് വിവാദത്തിന് കാരണമായത്. ഇതോടെ ദേശസ്നേഹം പറയുന്ന ബിജെപി ഇന്ത്യൻ സൈന്യത്തെയും സങ്കുചിത രാഷ്ട്രീയതാല്പര്യത്തിനായി ഉപയോഗിക്കുകയാണെന്ന വിമർശനം ശക്തമാകുന്നു.