നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി പ്രധാന നേതാക്കൾ രംഗത്ത് എത്തിയതോടെ കെപിസിസി പുന.സംഘടന വീണ്ടും അനിശ്ചിതത്വത്തിൽ.
കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റി പാർട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്. കെ. സുധാകരനെ കെപിസിസി നേതൃ സ്ഥാനത്ത് നിന്നും തൽക്കാലം മാറ്റേണ്ടതില്ല എന്ന നിലപാടിലാണ് കോൺഗ്രസിലെ എ, ഐ വിഭാഗം നേതാക്കൾ.
നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച ചാണ്ടി ഉമ്മൻ പക്ഷേ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെ അനുകൂലിച്ചത് ഇതിൻ്റെ സൂചനയാണ്. ചാണ്ടി ഉമ്മൻ്റെ ഈ പരസ്യനീക്കം കോൺഗ്രസ് എ വിഭാഗത്തിലെ അതൃപ്തരായ നേതാക്കളുടെ കൂടി പിന്തുണയോടെയാണ് എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, കെപിസിസി പുനഃസംഘടനയ്ക്കായി എഐസിസി നേതൃത്വം കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം