മുനമ്പം വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കെ.എം. ഷാജിയെയും പിന്തുണച്ച് ലീഗ് ഹൗസിന് മുൻപിൽ പോസ്റ്ററുകൾ. ഇന്നു രാവിലെയാണ് ലീഗ് ഹൌസിന് മുൻപിലും നഗരത്തിലെ മറ്റിടങ്ങളിലും ബാഫഖി സ്റ്റഡി സർക്കിൾ എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
പോസ്റ്ററുകളിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ ‘മുനവ്വറലി തങ്ങളെ വിളിക്കൂ, ലീഗിനെ രക്ഷിക്കൂ’ എന്നും ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണ’മെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കൂടാതെ, ‘വിലക്ക് കൊണ്ട് ആദർശം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ കഴിയില്ല’. ‘വഖഫ് സ്വത്ത് കട്ടെടുത്തവരെയും കൂട്ട് നിന്നവരെയും വെറുതെ വിടില്ല’. ‘സമസ്ത മുഷാവറ കുഞ്ഞാലിക്കുട്ടിയുടെ കളിപ്പാവ ആവരുത്’. എന്നും മറ്റുമാണ് ആവശ്യങ്ങളായി ഉന്നയിച്ചിട്ടുള്ളത്.
‘ബിനാമി താൽപര്യങ്ങൾ സംരക്ഷിക്കാൻ ഫത്വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതൻമാർ തിരിച്ചറിയണ’മെന്ന മുന്നറിയിപ്പും പോസ്റ്ററിനൊപ്പമുണ്ട്. നഗരത്തിലെ മിക്കയിടങ്ങളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.