തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യം തുടരവെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് അഞ്ച് ദിവസം മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിച്ച് തുടർന്ന് ഡിസംബർ പതിനൊന്നോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട തോതിൽ നേരിയ മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഇന്നും നാളെയും ഒരു ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.