അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം വന്ധ്യംകരണം നടത്തി ആരോഗ്യവകുപ്പ് അധികൃതര്‍. വിചിത്രമായ സംഭവം നടന്നത് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ്. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് നിർബന്ധിത വന്ധ്യംകരണം നടത്തിയത്.
നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ ഗുജറാത്ത് കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പുകള്‍ക്ക് പ്രത്യേക ടാര്‍ജറ്റും അധികൃതർ നല്‍കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ സമീപിച്ചത് ഫാം ജോലിയുടെ മറവിലാണ്. ദിവസവും നാരങ്ങയും പേരക്കയും പറിക്കുന്നതിന് 500 രൂപ അധികൃതർ യുവാവിന് വാഗ്ദാനം ചെയ്തു.
യുവാവിനെ ഫാമിലേക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേനെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും വഴിവക്കില്‍ വച്ച് നൂറ് രൂപയുടെ മദ്യം വാങ്ങി നല്‍കുകയും ചെയ്തു. അബോധവാസ്ഥയിലായ യുവാവിനെ അതിനുശേഷം അതേആംബുലന്സില് തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവച്ച് വന്ധ്യംകരണം നടത്തുകയായിരുന്നെന്ന് മുന്‍ ഗ്രാമത്തലവന് പ്രഹ്ലാദ് ഠാക്കൂര്‍ പറഞ്ഞു.