Kerala

സന്നിധാനത്ത് കൂട്ടം തെറ്റി കുഞ്ഞ് ‘മാളികപ്പുറം’; ഒടുവിൽ തുണയായി പൊലീസിന്റെ റിസ്റ്റ് ബാൻഡ്

മിനിറ്റുകളോളം സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് പോലീസിൻ്റെ റിസ്റ്റ്ബാന്റ്‌ തുണയായി. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലിസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടന്ന മാളികപ്പുറത്തിന് രക്ഷകരായത് സിവിൽ പൊലീസ് ഓഫീസറായ അക്ഷയും തൃശൂർ ട്രാഫിക് എൻഫോഴ്സ്‌ മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് .

കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരഞ്ഞ ഇവർ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ നിമിഷങ്ങൾക്കകം ബന്ധപ്പെട്ടു. തുടർന്ന് പിതാവ് വിഘ്നേഷ് എത്തിയതോടെ ശിവാർഥികയുടെ കരച്ചിൽ ആശ്വാസച്ചിരിയായി. പൊലീസ് അങ്കിൾമാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലചവിട്ടിയത്. ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിൻ്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.

10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽ നിന്നും വനിതാ പൊലീസിൻ്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട് .

പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു .ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top