തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്. താല്‍ക്കാലിക ജീവനക്കാരാണ് മൂവരും. പോക്സോ വകുപ്പ് ചുമത്തി.
രണ്ടര വയസുകാരിക്ക് നേരെയുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി.
സംഭവിക്കാൻ പാടില്ലാത്താണ് സംഭവിച്ചത്. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. മുൻപൊന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കുട്ടിയെ ഉപദ്രവിച്ച ആയമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളെ നോക്കാനായി കരാർ അടിസ്ഥാനത്തില്‍ നിയമിച്ച ആയമാരാണ് കുട്ടിയെ ഉപദ്രവിച്ചത്.” ചെറിയ പാട് മാത്രമാണ് ഇപ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും അരുണ്‍ ഗോപി പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കുട്ടിക്ക് വൈദ്യ സഹായം നല്‍കിയിരുന്നു. നിലവില്‍ രണ്ടര വയസുകാരി പൂർണ ആരോഗ്യവതിയാണ്. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ഇവിടെയുള്ള കുട്ടികളെയെല്ലാം കണ്ണില്‍ എണ്ണയൊഴിച്ചാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.