പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നുമാണ് സി കൃഷ്ണകുമാർ ആരോപിക്കുന്നത്. പൊലീസില്‍ നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിച്ചിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിയമവശം പരിശോധിച്ച് ബിജെപിയുടെ തുടർനടപടി തീരുമാനിക്കുമെന്നാണ് സി കൃഷ്ണകുമാർ വിശദമാക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നോയെന്ന് കണ്ടെത്താൻ പാലക്കാടെ ഹോട്ടലില്‍ പാതിരാത്രി പൊലീസ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലേക്ക് പൊലീസ് എത്തിയതിന് പിന്നാലെ ഹോട്ടലില്‍ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഏറെ വിവാദമായ പാതിരാ റെയ്ഡും നീല ട്രോളി വിവാദവും തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കുന്നതാണ് സി കൃഷ്ണകുമാറിന്റെ പ്രതികരണം.