ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും അവസാനമായി ഒന്നിച്ചെത്തി. കണ്ടു നില്‍ക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും.
ആലപ്പുഴ കളർകോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. ഏകമകനാണ് ദേവാനന്ദൻ. പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകും.