യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ്. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ്.
‘ദൈവം ആയുസ് തന്നിട്ടുണ്ടേല്‍ മോനേ വിനോയ് കെ.ജെ തന്നെ വിടത്തില്ല’ എന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍ പള്ളിവയല്‍ പോസ്റ്റുചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കല്‍പറ്റ ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയ് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുറിപ്പ് എന്നാണ് വിനോയ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ ജഷീറിനെ പോലീസ് വളഞ്ഞിട്ട് തല്ലി. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് ജഷീര്‍ പങ്കുവെച്ചത്. അമ്പതോളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. തന്റെ പേര് വിളിച്ച് ഇന്‍സ്പെക്ടര്‍ ക്രൂരമായി വളഞ്ഞിട്ട് തല്ലി എന്നാണ് ജഷീര്‍ പറഞ്ഞത്.