ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം.
തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
മലയുടെ താഴെയുള്ള വീടുകള്‍ക്ക് മുകളില്‍ കൂറ്റൻ പാറയും മണ്ണും വീണിരിക്കുകയാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയിൽ 5-7 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഫെൻജാല്‍ ചുഴലിക്കാറ്റ് കടന്ന് പോയതിന് ശേഷവും കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ കുന്നിന് താഴെ വിഒസി നഗറിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.