മരങ്ങാട്ടുപിള്ളി : ജീവിതമൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതാപിതാക്കൾ മക്കൾക്ക് വലിയ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവദാസൻ ഫാ. ആർമണ്ട് മാധവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. എളിമയും വിനയവും ദൈവത്തിനു പ്രീതികരമായ സ്വഭാവ സവിശേഷതകളാണ്. അഹങ്കാരവും അഹംഭാവവും മൂലമുള്ള ദോഷങ്ങൾ നാടിനും വീടിനും വലിയ വിപത്താണ് വരുത്തുന്നത്. ധൂർത്തും ധാരാളിത്തവും കുടുംബത്തിൻ്റെ അടിത്തറ ഇളക്കുന്നത് സർവ സാധാരണമായിരിക്കുന്നു. സാമ്പത്തിക ഭദ്രതയിലും ദാരിദ്രാരൂപിയിൽ ജീവിച്ച് മറ്റുള്ളവരെ സഹായിക്കുന്നവർ യഥാർത്ഥത്തിൽ വിശുദ്ധരാണ്. ദാരിദ്ര്യം അക്ഷരാർഥത്തിൽ സ്വജീവിതത്തിൽ പാലിച്ച ഫാ.ആർമണ്ടിൻ്റെ ജീവിതം ദൈവസന്നിധിയിൽ പ്രീതികരമായതിൻ്റെ തെളിവാണ് ദൈവദാസ പദവിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മറ്റുള്ളവരെ വെല്ലുവിളിക്കുന്നതിനു പകരം നമ്മുടെ ഉള്ളിലുള്ള തിന്മകളുടെ ശക്തികളോടാണ് നാം പോരാടേണ്ടതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സന്യാസത്തിൻ്റെ ശ്രേഷ്ഠ വ്രതങ്ങൾ ജീവിതത്തിൽ പാലിക്കുകയും അനേകരെ മാനസാന്തരപ്പെടുത്തി പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത പുരോഹിത ശ്രേഷ്ഠനാണ് ഫാ.ആർമണ്ട്. സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം വഴി സ്വർഗ്ഗ രാജ്യത്തിൻ്റെ അവകാശികളാകാൻ ഫാ. ആർമണ്ട് ഏവരേയും പ്രചോദിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മണിയമ്പ്ര കുടുംബയോഗം രക്ഷാധികാരിയും സിറോ മലബാർ സഭ മതബോധന കമ്മീഷൻ സെക്രട്ടറിയുമായ ഫാ.ഡോ.തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ചു. കണ്ണൂർ പാവാനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ.ഡോ. തോമസ് കരിങ്ങടയിൽ, മരങ്ങാട്ടുപിള്ളി സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ.ജോസഫ് ഞാറക്കാട്ടിൽ, ഡിഎസ്ടി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സിസ്റ്റർ ആഗ്നറ്റ് കോരംകുഴയ്ക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ.മാർട്ടിൻ മാന്നാത്ത്, പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ, സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എം.തോമസ് മേൽവെട്ടം, ഫാ.സോജൻ മണിയമ്പ്ര, കുടുംബയോഗം പ്രസിഡൻ്റ് ജോൺസൺ പുളിക്കീൽ, സെക്രട്ടറി റ്റോമി മലപ്രവനാൽ, കൺവീനർ ജോയി മാധവത്ത്, കോ-ഓർഡിനേറ്റർ ജോയി തെരുവത്ത്, ട്രഷറർ കുര്യാച്ചൻ കോരംകുഴയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ രാവിലെ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറൽ മോൺ.പോൾ മുണ്ടോളിക്കൽ, ഫാ.ഡോ.തോമസ് മേൽവെട്ടം, ഫാ.അഗസ്റ്റിൻ തെരുവത്ത്, ഫാ.ഡോ.തോമസ് കരിങ്ങടയിൽ, ഫാ.ജിബിൻ ഉറുമ്പിത്തടത്തിൽ എന്നിവർ സഹകാർമ്മികരായി.