കൊച്ചി: നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബഹനാൻ എംപി നേരില്‍ കണ്ട് നിവേദനം നല്കി.
ആഭ്യന്തര, അന്തരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വർഷംതോറും വർധിച്ച് വരികയാണ്. പുതിയ സ്റ്റേഷൻ നെടുമ്പാശ്ശേരിയില്‍ വരുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികള്‍, വാണിജ്യ പ്രവർത്തനങ്ങള്‍, ടൂറിസം എന്നിവയിലേക്കുള്ള ഗതാഗതത്തിനായി ഉപകാരപ്രദമാകുമെന്നും ആയതിനാല്‍ നെടുമ്പാശ്ശേരിയില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ റെയില്‍വേ സ്റ്റേഷൻ അനിവാര്യമാണെന്നും അത് നടപ്പിലാക്കാനുള്ള നടപടികള്‍ മന്ത്രാലയം കൈക്കൊള്ളണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.