ഉപതിരഞ്ഞെടുപ്പുകളിലെ പരാജയത്തിനു പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലും കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം.
വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ കൈവിട്ടു. പാര്‍ട്ടി പുന സംഘടന നടക്കുന്നതിനാല്‍ അടുത്ത ഫെബ്രുവരി വരെ കെ സുരേന്ദ്രന്‍ തുടരട്ടെ എന്നാണ് താല്‍ക്കാലിക ധാരണ.
കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാലക്കാട് പോലും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു ബിജെപി സംസ്ഥാന നേതൃയോഗം.
കൊച്ചിയില്‍ നടന്ന നേതൃയോഗത്തിലും രൂക്ഷമായ വിമര്‍ശനം കെ സുരേന്ദ്രനു നേരെ ഉയര്‍ന്നു. പലപ്പോഴും സുരേന്ദ്രനെ പിന്തുണച്ചിരുന്ന വി മുരളീധരനും ഇത്തവണ കൈവിട്ടതായാണ് സൂചന. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട കെ സുരേന്ദ്രന്റെ വാക്കുകളും ഇത് വ്യക്തമാക്കുന്നവയായിരുന്നു.