കൊച്ചി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയില്‍ ചവറു വാര്‍ത്തകളുമായാണ് വന്നിരിക്കുന്നത്. സംസ്ഥാന നേതൃയോഗം ഇന്ന് വൈകുന്നേരം സമാപിക്കുമ്പോള്‍ നിരാശരാകേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയിലാണ് നിങ്ങള്‍ മൂന്ന് ദിവസമായി തുള്ളി കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും. വൈകുന്നേരം യോഗം കഴിഞ്ഞിട്ട് വരിക. ഇന്നത്തെ യോഗം എന്നത് സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതി വിടുന്നത്. പതിനഞ്ച് കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നു. എന്തെങ്കിലും അടിസ്ഥാനം നിങ്ങള്‍ പറയുന്നതില്‍ ഉണ്ടോ?’- കെ സുരേന്ദ്രന്‍ ചോദിച്ചു.