തിരുവല്ല മുത്തൂരിൽ മരം മുറിക്കാനായി റോഡിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺട്രാക്‌ടറെയും കയർ കെട്ടിയവരെയും പൊലീസ് ഇന്നലെ കസ്‌റ്റഡിയിലെടുത്തിരുന്നു ഇവരെ പ്രതികളാക്കി ഇന്ന് അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്‌ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങിയാണ് ആലപ്പുഴ തകഴി സ്വദേശിയായ സെയ്‌ദ് (32) മരിച്ചത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. മുന്നറിയിപ്പ് ബോർഡോ മറ്റ് യാതൊരു സുരക്ഷാ മുൻകരുതലോ ഇല്ലാതെയാണ് മരം മുറിച്ചിരുന്നത് എന്ന് പൊലീസ് അറിയിച്ചു.