കോട്ടയം :ഇന്ത്യൻ ടയർ വ്യവസായികളുടെ ടയറും മറ്റുത്പ്പന്നങ്ങളും റബ്ബർ കർഷകർ ഉപേക്ഷിക്കുന്നു. ഇന്ത്യയിലെ റബ്ബർ കർഷകർ ഉത്പ്പാദിപ്പിച്ച റബ്ബർ വാങ്ങാതെ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച ടയറും മറ്റുപ്പന്നങ്ങളും ബഹിഷ്കരിക്കുവാൻ ഇന്ത്യയിലെ കർഷകരോട് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS). എൻ ഫ് ആർ പി സ് ആഹ്വാനം ചെയ്തു. ടയർ കമ്പനികൾ ഇന്ത്യൻ റബ്ബർ കർഷകരിൽ നിന്നും റബ്ബർ വാങ്ങാതെ മാറിനിൽക്കുകയാണ്. കർഷകനെ സമ്മർദ്ദത്തിലാക്കി റബ്ബർ വിലകുറച്ചു വാങ്ങുന്നതിനുള്ള അടവാണിത്. വ്യവസായികൾ ലാഭം കൊയ്യട്ടെ… പക്ഷേ അത് ഇന്ത്യൻ കർഷകനെ പട്ടിണിയിലാക്കിക്കൊണ്ടാകരുത്.
ഈ കർഷകർ വ്യവസായികളെപ്പോലെ ഇന്ത്യക്കാർ തന്നെയാണ് എന്ന് വ്യവസായികൾ മനസിലാക്കണം. കർഷകനെ അടിമയായി കണ്ടുകൊണ്ടുള്ള വ്യവസായികളുടെ നീക്കം കർഷകനെ ഉത്മൂലനം ചെയ്യുന്നതിനുള്ള തീവ്രവാദനീക്കമാണ്.ഇന്ത്യൻ കർഷകനെ സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ നിസംഗതയിലാണ്. ഇത്തരുണത്തിൽ ഗാന്ധിജി കാണിച്ചു തന്ന സമരമാർഗ്ഗം ” ക്വിറ്റ് ഇന്ത്യൻ ടയർ ലോബി” എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകാൻ എൻ ഫ് ആർ പി സ് ദേശീയ കമ്മറ്റി തീരുമാനിച്ചു. നവംബർ 21 ന് എൻ ഫ് ആർ പി സ് ദേശീയാധ്യക്ഷൻ ജോർജ് ജോസഫ് വാതപ്പള്ളി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിൽ എൻ ഫ് ആർ പി സ് ന്റെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുവാൻ യോഗം തീരുമാനിച്ചു.
എൻ ഫ് ആർ പി സ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ താഷ്ക്കന്റ് പൈകട, പി കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, സാദാനന്ദൻ കൊട്ടാരക്കര, പ്രതീപ് കുമാർ മാർത്താണ്ഡം , രാജൻ ഫിലിപ്സ് മംഗലാപുരം, കെപിപി നമ്പ്യാർ, ഹരിദാസൻ കല്ലടിക്കോട്, രാജൻ മടിക്കൈ കാഞ്ഞങ്ങാട് , ജോയി കുര്യൻ കോഴിക്കോട്, ജോർജ്കുട്ടി മാങ്ങാട്ട് കോതമംഗലം, സി.എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു.