സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള(35)യെയാണ് മാവൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇയാള്‍ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു.
– Advertisement –
Ads by Bidsxchange
Solo Adventure
2.4K
350
ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സെന്‍ട്രിംഗ് ജോലിക്കാരനായ പ്രവീണ്‍ മോഷണം നടത്തുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഹോം നഴ്‌സായി വീടുകളില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പള്ളിക്കല്‍ ബസാറില്‍ ആശാരിയായും ജോലി ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്നാണ് മോഷണം നടത്താനുള്ള കടകള്‍ പ്രവീൺ നോക്കിവച്ചിരുന്നത്.
പെന്‍സില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് മേശ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ചാലക്കുടിയില്‍ ഇരുപതോളം കടകളില്‍ സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മാവൂര്‍ എസ്‌ഐ സലിം മുട്ടത്ത്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രവീണിനെ പിടികൂടിയത്.