Kerala

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് നിഷ്ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവൻ എംപി ആരോപിച്ചു.

തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രാവിലെ നടന്ന സംഘർഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് വിമതരും കോൺഗ്രസ് പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘർഷം നിയന്ത്രിക്കാനായില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡിൽ വെച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പരസ്പരം കസരേകൾ എടുത്താണ് തല്ലിയത്. സ്ഥലത്ത് എംകെ രാഘവൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്‌കൂളിന് പുറത്താണ് കോൺഗ്രസ്- സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top