ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസം. മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി.രണ്ടിടത്തായി രണ്ടായിരത്തോളം ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതോടെ സുഗമമായ തീര്‍ഥാടനത്തിന് വഴിയൊരുങ്ങും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.
24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. താത്കാലികമായാണ് അനുമതി നൽകിയിരിക്കുന്നത്. ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ശബരിമല സീസണിൽ തിരക്കേറിയ ദിവസങ്ങളിൽ നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വിവിധ ഇടങ്ങളിൽ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് പമ്പയിൽ പാർക്കിങ് നിരോധിച്ചത്.