ബാംഗ്ലൂരിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സർവീസ് ബസ്സിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി അടൂർ സ്വദേശികളായ രണ്ട് യുവാക്കൾ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി.
15 ഗ്രാമോളം തൂക്കം വരുന്ന എം ഡി എം എ പിടിച്ചെടുത്തു. ബാംഗ്ലൂർ മഡിവാളയിൽ നിന്നും ഇന്നലെ വൈകിട്ട് 9 മണിയോടെ പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിച്ചിരുന്ന അടൂർ പഴകുളം വലിയവിളയിൽ ഫൈസൽ മുഹമ്മദ് ( 24 ), അടൂർ പറക്കോട് അണ്ടൂർ തേക്കേതിൽ റോക്കി റോയി ( 21 )എന്നിവരാണ് 15 ഗ്രാമോളം തൂക്കം വരുന്ന എം ഡി എം എയുമായി പിടിയിലായത്.
തിരുവല്ല – ചെങ്ങന്നൂർ റോഡിൽ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടിൽ സിൽക്സിന് മുമ്പിലായി ഇന്ന് രാവിലെ 9 മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബസ്സിന്റെ ലഗേജ് കമ്പാർട്ട്മെൻറ് ഷൂസിലും ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലുള്ള എം ഡി എം എ പിടികൂടിയത്.
പിടിയിലായ ഫൈസൽ മുഹമ്മദിന് എതിരെ എം ഡി എം എ, കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.വിശദമായ ചോദ്യം ചെയ്യലിനു ശേഷം റോക്കി റോയിയെ പ്രതി ചേർക്കണമോ എന്ന് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.